Donnerstag, 30. August 2012

മരണവും കബറടക്കവും


എന്താണ് മരണം

മരണമെന്നത് ആത്മീകന്റെ ദൃഷ്ടിയില്‍  ശരീരത്തില്‍ നിന്നുമുളള ആത്മാവിന്റെ വേര്‍പാടാണ്. ദൈവം ആത്മാവിനെ ആവശ്യപ്പെടുമ്പോള്‍ (ലൂക്കോ. 12. 20) മരണം സംഭവിക്കുകയും, പൊടി പണ്ട് ആയരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരുകയും ആത്മാവ് അതിനെ നല്‍കിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപോവുകയും (സഭാപ്ര. 12. 7) ചെയ്യുന്നു. അങ്ങനെ ശരീരം മണ്ണോട് അലിഞ്ഞുചേരുമ്പോള്‍, നീ പൊടിയാകുന്നു, പൊടിയില്‍  തിരികെ ചേരും (ഉല്പ. 3.19) എന്ന ദൈവീക നിശ്ചയം പൂര്‍ത്തിയാവുകയും ചെയ്യുന്നു.     

മനുഷ്യനെ ദൈവം നിര്‍മ്മിച്ചത് ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലും (ഉല്പ.1. 26), ശരീരം (sw/ma), പ്രാണന് (Hebrew nephesh, Greek yuch psuchee), ആത്മാവ് (Hebrew ruwach, Greek pneu/ma pneuma.)  (1.തെസ. 5.23) എന്നിവയോട് കൂടിയവനുമായിട്ടാണ്.  


കബറടക്കം 

ബൈബിളിലില്‍    വിശ്വാസിയുടെ ആത്മാവുമാത്രമല്ല, ചേതനയറ്റ ശരീരവും മാന്യത അര്‍ഹിക്കുന്നുവെന്നു പഠിപ്പിക്കുന്നു. ദൈവാത്മാവ് ശരീരത്തില്‍  വസിക്കുന്നതിനാല്‍  അത് ദൈവത്തിന്റെ  മന്ദിരമാണെന്നും അതിനെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കുമെന്നും…….. പൌലോസ് ശ്ലീഹായും ഓര്‍മ്മപ്പെട്ത്തുന്നുണ്ട്.

ഇസ്രായേല്‍ക്കാര്‍ മൃതദേഹത്തെ ആദരിക്കുകയും, ശവമടക്ക് ബഹുമാന്യമായിക്കാണുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് സഭാപ്രസംഗി പറയുന്നത് ...ഒരു മനുഷ്യന് നൂറൂ മക്കളെ ജനിപ്പിക്കുകയും ഏറിയ സംവത്സരം ജീവിച്ച് ദീര്‍ഘായുസ്സായിരിക്കുകയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാല്‍  ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍  നന്ന് എന്ന് ഞാന്‍  പറയുന്നു (സഭാ. പ്ര. 6.3)  അവരുടെ ആത്മാവു മാത്രമല്ല ശരീരവും കര്‍ത്താവിനുളളതാണ് അവര്‍ വിചാരിച്ചിരുന്നു. അതുകൊണ്ട് ശത്രുക്കള്‍ക്കുപോലും അവര്‍ ശവസംസ്ക്കാരം നടത്തിയിരുന്നു (1 രാജാ. 11. 15). പലരോടും പാലിക്കേണ്ട ശവമടക്കു ക്രമത്തെപറ്റി നിയമത്തില്‍    പരാമര്‍ശിക്കപ്പെട്ടിരുന്നു (ആവര്‍ത്തനം 21.22). ഗൂഹകളായിരുന്നു പലപ്പോഴും കബറടക്കത്തിന് ഉപയോഗിച്ചിരുന്നത്. പൂര്‍വ്വപിതാക്കന്‍മാരുടെ അതേ കബറിടത്തില്‍ അടക്കപ്പെടുവാന് ഇസ്രായേല്ല്യര്‍  മോഹിച്ചിരുന്നു. മിസ്രേമിലായിരിക്കുന്ന യാക്കോബ് തന്റെ മരണവേളയില്‍ തന്റെ മക്കളോട് ആജ്ഞാപിക്കുന്നത് നോക്കുക. ഞാന്‍ എന്റെ ജനത്തോട് ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരടെ അടുക്കല്‍ എന്നെ അടക്കണം. കനാന്‍ ദേശത്ത് മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോട് നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേല എന്ന നിലത്തിലെ ഗുഹയില്‍ തന്നെ. അവിടെ അവര്‍ അബ്രാഹാമിനെയും, അവന്റെ ഭാര്യയായ സാറായേയും, യിസഹാക്കിനേയും, അവന്റെ ഭാര്യയായ റിബേക്കായേയും അടക്കി. അവിടെ ഞാന്‍ ലെയായെയും അടക്കി. ആ നിലവും അതിലെ ഗൂഹയും ഹിത്യരോട് വിലക്കു വാങ്ങിയതാകുന്നു  (ഉല്പത്തി 49:29-32) ഇതു പറഞ്ഞ് തന്റെ പിതാക്കന്മാരോടു ചേര്‍ന്ന യാക്കോബിന്റെ വാക്കുപോലെ യോസേഫ് അവന്റെ മൃതദേഹം അവിടെ കൊണ്ടുപോയി അടക്കം ചെയ്യുന്നു (ഉല്പത്തി 50.13) പിന്നീട് യോസേഫ് മരിക്കുമ്പോള്‍ അദ്ദേഹത്തിന് തന്റെ സഹോദരന്മാരോടും പിന്മുറയോടും പറയാനുണ്ടായിരുന്ന അന്ത്യസന്ദേശവും മറ്റൊന്നായിരുന്നില്ല. |ഞാന്‍ മരിക്കുന്നു, എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കുകയും ഈ ദേശത്തുനിന്ന്  താന്‍ അബ്രാഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക് കൊണ്ട് പോവുകയും ചെയ്യും എന്നു പറഞ്ഞു. ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍  എന്റെ അസ്ഥികളെ ഇവിടെ നിന്നു കൊണ്ട് പോകണമെന്ന് പറഞ്ഞ് യോസഫ് ഇസ്രായേല്‍ മക്കളെകൊണ്ട് സത്യം ചെയ്യിച്ചു. (ഉല്പത്തി 50. 24, 25) അനേക വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍  അത് ക്രിത്യതയോടെ നിവര്‍ത്തിക്കുകയും ചെയ്തുവെന്നും (യോശുവ 24.32) നാം വായിക്കുമ്പോള്‍ പഴയനിയമകാലം മുതല്‍  മരിച്ചടക്കിനു നല്‍കിയിരിക്കുന്ന പ്രാധാന്യം എത്ര വലുതെന്നു നോക്കുക. രാജാക്കന്മാര്‍ക്കു പ്രത്യേകം (2 ദിനവൃ.26.33, 33.20, 1രാജാ.13.22, 31) ശവമടക്കുസ്ഥലമുണ്ടായിരുന്നെന്നും, കുടുംബത്തോട് ഒപ്പവും (രൂത്ത് 1.17) ആദരണീയരോട് ഒപ്പവും (2 ദിന. 24.16, ഉല്പ. 23.6) അടക്കപ്പെടുന്നത് ബഹുമാനകരമാണെന്നും (രൂത്ത് 1.17) തന്റെ പിതാക്കന്മാരോടൊപ്പം അടക്കപ്പെടുവാന് കഴിയാതെ വരുന്നത് ദുഃഖകരമാണെന്നും (1 രാജാ 13:22,31 ) ശവമടക്ക് നിഷധിക്കപ്പെടുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും (2 രാജ 9.10, യെശയാ. 14.20, യിരമ്യ. 22.18,19, 2സാമുവേ. 21.12,13,14) സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് യേശുവിന്റെ മരണത്തെപ്പറ്റി അവന്‍ സാഹസമൊന്നും ചെയ്യാതെയും അവന്റെ കയ്യില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍  അവനു ദുഷ്ടന്മാരോടു കൂടെ ശവക്കുഴി കൊടുത്തു. അവന്റെ മരണത്തില്‍ അവന്‍ സമ്പന്നരോടുകൂടെ ആയിരുന്നുവെന്ന് (യെശയ്യ 53.9)( യോഹന്ന 19.31...42)അവനെക്കുറിച്ച് പ്രവചിക്കപ്പെടുന്നത്. ദാവീദ് തന്റെ ശത്രൂവായ ശൌലിന്റെ  ശരീരം വീണ്ടെടുക്കുന്നതിലും ഭൌതീകാവശിഷ്ടം അടക്കംചെയ്യുന്നതിലൂടെയും തന്റെ  മഹാമനസ്കത വെളിപ്പെടുത്തുന്നതും നമുക്കു കാണാം (1 സാമു. 31.12)   
 


പഴയനിയമത്തില്‍   മണ്ണിലടക്കം ചെയ്യുന്നതുകൂടാതെ ദഹിപ്പിക്കുന്നതിനെക്കുറച്ചും പരാമര്‍ശ്ശമുണ്ട് (1 സാമു. 31.11..13, ആമോസ് 6. 9, 10). എന്നാലത് ആദരണീയമായ ഒരു മാര്‍ഗ്ഗമായോ, ഉപദേശമായോ കാണുന്നില്ല.

ശവം ചുമന്നിരുന്നത് തണ്ടിന്മേല്‍  വച്ചായിരുന്നുവെന്നല്ലാതെ (ലൂക്ക് 7.13) ശവപ്പെട്ടി പൊതുവേ ഉപയോഗിച്ചിരുന്നില്ല.  മൃതദേഹത്തിന്റെ കൈകാലുകള്‍  ശീലകള്‍ കൊണ്ടും ദേഹം തുണിയില്‍    പൊതിഞ്ഞ്   കെട്ടുകയും മുഖം റൂമാല്‍    കൊണ്ട് മൂടുകയും (യോഹ.11.. 44, 19. 40) പതിവായിരുന്നു. ശവത്തോടൊപ്പം സുഗന്ധവര്‍ഗ്ഗമിടുന്നത്  യഹൂദരുടെ ശവമടക്കുമര്യാദയാണെന്ന് യോഹന്നാന്‍ ശ്ലീഹാ (യോഹ. 19.40) പ്രത്യകം പരാമര്‍ശ്ശിക്കുന്നുണ്ട്. തന്റെ ശരീരത്തിനുവേണ്ടി ഈ വിധം ചെയ്യുന്നതിനെ യേശു മഹനീയമായി കാണുകയും ചെയ്തു. (മര്‍ ക്കോ. 14.8). (ഇവിടെ സൂചിപ്പിക്കുന്ന evntafiasmo,j  (entafiasmos )എന്ന വാക്ക് മരിച്ചടക്കിനോട് ചേര്‍ന്ന സകല ആചാരങ്ങളേയും സൂചിപ്പിക്കാന്‍ കെല്പുളളതുമാണ്).  മരിച്ചവരെക്കുറിച്ച്  ദുഃഖമാചരിക്കുന്നത് അതിപുരാതനകാലം മുതല്‍ ഉണ്ടായിരുന്നതും (ഉല്പത്തി 27.41, 50.4, 10, ആവര്‍ത്ത. 34.8,  2 സാമു. 11.27,  14.2,  ആമോസ് 8.10) ക്രിസ്തുവിന്റെ കാലത്തും നിലനിന്നിരുന്നതുമായ  (മത്തായി 9.23,മര്‍ ക്കോ. 5. 38, യോഹ. 11.31)  ഒന്നാണ്. വിലാപത്തിന് ആളുകളെ കൂലിക്കു വിളിക്കുകയും (യിര.9.17, 2ദിന 35.25), വിലാപത്തിന്റെ കാഠിന്യം തോന്നിപ്പിക്കാന്‍ കുഴലുകളും മറ്റ് സംഗീതോപകരണങ്ങളും ഉപയോഗിക്കുകയും ചെയ്തിരുന്നു.(മത്തായി 9.23, മര്‍ക്ക 5.38).  കബറടക്കശേഷം  സദ്യകളും നടത്തിയിരുന്നു (യിരമ്യ . 16:6-8, യെഹ. 24:17). യേശു തമ്പുരാനും തന്റെ മരണത്തിന്റെ ഓര്‍മ്മയായി അപ്പം മുറിക്കാനാണ് ആവശ്യപ്പെട്ടത് (ലൂക്കോ. 22.19) എന്നു കൂടി നാം ഓര്‍ക്കണം.   
വിലാപഭവനം സന്ദര്‍ശിക്കുന്നതും (സഭാപ്ര. 7.4) കബറിങ്ങളില്‍  സുഗന്ധവര്‍ഗ്ഗത്തോടെയോ, അല്ലാതെയോ സന്ദര്‍ശിക്കുന്നതും (മത്താ. 28.1, മര്ക്ക.16,1-8, ലൂക്കോ. 24.1, യോഹ.11.31) വിശുദ്ധരുടെ കബറിടങ്ങള്‍  മാനിക്കുന്നതും (2 രാജാ. 23.17, 18), പ്രവാചകരുടെ കല്ലറകള്‍ പണിയുന്നതും (മത്താ. 23:29) ശ്രേഷ്ഠമായി അവര്‍  കണക്കാക്കിയിരുന്നു.

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep