Dienstag, 11. Dezember 2012

സ്തോത്രഗാനം


അലസതയരുതേയെൻ മനമേ
പാടുക യാഹിനു പുതിയ ഗാനം
വാനവും ഭൂമിയും സൃഷ്ടിചെയ്ത
വലിയ കരങ്ങളെ വാഴ്ത്തുക നീ..


ലൌകീക ദുർഗ്ഗം തകർന്നു പോകാം
സംഹാരി സിംഹങ്ങള് വിശന്നിരിക്കാം
ഭയക്കരുതെങ്കിലും അല്പവും നീ
മാറുകില്ലോർക്കുക അവൻ കൃപകള്...

സ്നേഹബന്ധങ്ങള് അകന്നുപോകാം
ആശിച്ചദീപങ്ങള് അണഞ്ഞുപോകാം
അസ്തമിക്കാത്തൊരാ നീതിസൂര്യൻ
അരികിലുണ്ടലയാതെ വഴി നടത്താൻ

ആകാശഭൂമികള് അഴിഞ്ഞുപോകാം
ആദിത്യനാകെ ഇരുണ്ടുപോകാം
അഴിയില്ല യാഹിൻ തിരുമൊഴികള്
അകലില്ല അത്ഭുതം അവൻ കൃപകള്

ആശ്രയിച്ചീടുവിൻ യാഹിൽ മാത്രം
അറിയുക ഇഹമോരു ദരിദ്രസത്രം
അണിയുക ഇവിടെയും സ്തോത്രവസ്ത്രം
ആലപിക്കുക നവസ്തുതി സഹസ്രം.

ദൈവികസ്നേഹത്താൽ നീ പിറന്നു
തൻ തിരുകൃപയിൽ പുലർന്നിടുന്നു
അനവരതസ്തുതി അവനു പാടും
തംമ്പുരുവാകുക നിൻറ്റെ ഭാഗ്യം.

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep