Dienstag, 12. Mai 2009

Mother's Day Prayers

10.05.2008

മാതൃദിനപ്രാര്‍ത്ഥന


കാരുണ്യവാനായ കര്‍ത്താവേ, നീ സ്ത്രീകളില്‍നിന്നു ജനിക്കുകയും സ്ത്രീമൂലം മനുഷ്യവര്‍ഗ്ഗത്തിനുണ്ടായ ശാപം നീക്കുകയും ചെയ്തു. നീ ലോകത്തിനുമുഴുവന്‍ മാതാവായി വിശുദ്ധ കന്യകാമറിയാമിനെ „ഇതാ നിന്റ്റെ അമ്മ“ എന്നു പറഞ്ഞ് വിശുദ്ധ യോഹന്നാനെ ഏല്പ്പിച്ചുകൊടുത്തു. ദൈവസ്നേഹത്തിന്റ്റെ മാതൃകയില്‍ സ്വയം മറന്നും, സ്വയം ത്യജിച്ചും മക്കള്‍ക്കുവേണ്ടി ജീവിക്കുകയും മക്കളെ സ്നേഹിക്കുകയും ചെയ്യുന്ന എല്ലാ അമ്മമാരേയും ഈ മാതൃദിനത്തില്‍ തിരുസന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുന്നു. “കണ്ടാലും ഇതാ കര്‍ത്താവിന്റ്റെ ദാസി നിന്റ്റെ ഹിതം പോലെ എനിക്കു ഭവിക്കട്ടെ“ എന്നു പറഞ്ഞ് ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച വിശുദ്ധ കന്യകാമറിയത്തെപ്പോലെ, ദൈവഹിതം എന്തെന്നു തിരിച്ചറിയുവാനും അതനുസരിച്ചു ജീവിക്കുവാനും ദൈവീകപാതയില്‍ തങ്ങളുടെ മക്കളെ വളര്‍ത്തികൊണ്ടുവരുവാനും നിന്റ്റെ തിരുസന്നിധിയില്‍ ചേര്‍ന്നുവന്നിരിക്കുന്ന ഈ അമ്മമാരെ അവിടുന്നു സഹായിക്കേണമേ. “നിനക്കു ദീര്‍ഘായുസുണ്ടാകേണ്ടതിന് നിന്റ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക“ എന്ന് മനുഷ്യവര്‍ഗ്ഗത്തിനു കല്പന നല്‍കിയ ദൈവമേ, തങ്ങളുടെ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ഈ മാതൃദിനത്തില്‍ സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാ മക്കളെയും ഈ സമയം ഞങ്ങള്‍ നിന്റ്റെ തൃക്കരത്തില്‍ സമര്‍പ്പിക്കുന്നു. “പൈതല്‍ വളര്‍ന്നു, ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടു, ദൈവകൃപയും അവന്റ്റെ മേല്‍ ഉണ്ടായിരുന്നു“ എന്ന് നിന്നെക്കുറിച്ച് തിരുവചനത്തില്‍ എഴുതിയിരിക്കുന്നപോലെ, ഈ നിന്റ്റെ പൈതങ്ങള്‍ക്ക് ആവശ്യമായ കൃപയും ശക്തിയും വളര്‍ച്ചയും നല്‍കണമേ. നിന്റ്റെ അടുക്കല്‍ കൊണ്ടുവന്ന പൈതങ്ങളെ നീ വാത്സല്യത്തോടെ ചേര്‍ത്തു അണക്കുകയും അനുഗ്രഹിക്കുകയും ചെയ്തതുപോലെ, ഈ പൈതങ്ങളെയും നീ വാഴ്ത്തി അനുഗ്രഹിക്കേണമേ.

“എന്നെ അയച്ചവന്റ്റെ ഇഷ്ടം ചെയ്ത് അവന്റ്റെ പ്രവൃത്തി തികക്കുന്നതാകുന്നു എന്റ്റെ ആഹാരം“ എന്ന് അവിടുന്ന് തന്റ്റെ യൌവ്വനകാലമായ തന്റ്റെ പരസ്യശുശ്രൂഷാകാലത്ത് അരുളിചെയ്തതുപോലെ, നിന്റ്റെ ദിവ്യസ്നേഹത്തിന്റ്റെ സന്ദേശം മറ്റുള്ളവരിലേക്കു പകരുവാനും സന്തോഷത്തോടെ മറ്റുളളവര്‍ക്കു സേവനം ചെയ്യുവാനും ഒരുങ്ങിയിരിക്കുന്ന ഈ ഇടവകയിലെ യുവജനങ്ങളെയും അവിടുത്തെ അനുഗ്രഹത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇന്നു നിന്റ്റെ സന്നിധിയില്‍ അടുത്തുവന്നിരിക്കുന്ന എല്ലാവരേയും അവരുടെ ഭവനങ്ങളെയും ദൈവീകാനുഗ്രഹങ്ങളാല്‍ നിറക്കേണമേ. നിന്നെ പ്രസവിച്ച കന്യക മര്‍ത്തമറിയാം അമ്മയുടെയും പരിശുദ്ധന്മാരായ മോര്‍ പത്രോസ് പൌലോസ് ശ്ലീഹന്മാരുടെയും മോര്‍ അപ്രേമിന്റ്റെയും മദ്ധ്യസ്ഥത ഞങ്ങള്‍ക്ക് കോട്ടയും അഭയവും ആയിരിക്കട്ടെ. ഞങ്ങള്‍ നിനക്കും നിന്റ്റെ പിതാവിനും പരിശുദ്ധ റൂഹാക്കും സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുന്നു. ഹോശോ...........

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep